Home>>About Kaithapram>>Family & Roots
Family & Roots
കുടുംബത്തില്‍ ഞങ്ങള്‍ ആകെ അഞ്ചു പേര് - ഞാനാണ് മൂത്തത്. തൊട്ടു താഴെ ഞങ്ങള്‍ കുഞ്ഞുക്കുട്ടന് എന്നു വിളിക്കാറുള്ള വാസുദേവന്‍, പിന്നെ വരുന്നത് സരസ്വതി, തങ്കം, കൈതപ്രം വിശ്വനാഥന് എന്നീ ക്രമത്തിലും. ഇതിനിടയില്‍ രണ്ടു കുഞ്ഞുങ്ങള്‍ ഇല്ലാതായിട്ടുണ്ട് എന്ന് അമ്മ പറയാറുമുണ്ട്. ഇതില്‍ ഒരു കുട്ടിയെ മാത്രമേ എനിക്ക് ഓര്മയുള്ളൂ. സരസ്വതി ഇന്നില്ല.
ഇതില്‍ വളരെ കുറച്ച് സംസാരിക്കുകയും ഏറെ പ്രവര്‍ത്തിക്കുകയുമാണ് വാസുദേവന്റെ രീതി. എന്നാല്‍ എന്റെ രീതിയില്‍ ഏറെ സംസാരിക്കാതെയും വയ്യ. അനിയത്തി സരസ്വതിക്ക് സംസ്കൃതം നന്നായി അറിയുമായിരുന്നു. നന്നായി സംസാരിക്കാനും സമര്‍ഥയായിരുന്നു. വിവാഹ ശേഷം മംഗലാപുരത്തായിരുന്നു താമസം. അദ്ദേഹത്തിന്ന്(എടക്കാട്ട് ശംഭു നമ്പൂതിരിക്ക്) ജോലി അവിടെയായിരുന്നു. വളരെ വേഗത്തില്‍ അവള് തുളുവും കന്നടയും സ്വായത്തമാക്കി. അക്കാലത്ത് എനിക്കു പഠിക്കുവാന്‍ ഞാനൊരു തമിഴ് ഭാഷാ സഹായി വാങ്ങിയിരുന്നു. മൂകാംബികക്ക് പോകുന്നതിനിടയില്‍ ഞാനത് അവളുടെ അടുത്ത് മറന്നു വച്ച് പോരാനിടയായി. കുറച്ചു കാലം കഴിഞ്ഞപ്പോഴേക്ക് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവള് തമിഴ് എഴുതിത്തുടങ്ങി. ഈ ഭാഷകളില്‍ അവളുടെ താല്പര്യം അവയുടെ സാഹിത്യങ്ങളിലേക്കും വളരുകയുണ്ടായി. ഭാഷകളൊക്കെ ഞാന്‍ പഠിച്ചു എന്നല്ലാതെ കൈകാര്യം ചെയ്യുന്നതൊക്കെ അത്രയൊന്നും പഠിക്കാത്ത ഏട്ടനാണെന്ന് സരസ്വതി പറയുമായിരുന്നു. അവളെപ്പോലൊന്നും സംസ്കൃതത്തില്‍ അവഗാഹം എനിക്കില്ല. സംസ്കൃതത്തില്‍ അവള്‍ക്ക് താല്പര്യം ഉണ്ടായിരുന്ന നിരവധി വസ്തുതകള്‍ ഞാന്‍ അങ്ങോട്ട് പറഞ്ഞു കൊടുക്കാറുമുണ്ട്. ഒരു ശ്ലോകം വെറുതെ കേള്‍ക്കുമ്പോള്‍ ഒരു വലിയ വിഷ്വല്‍ എന്നിലുണ്ടാവാറുണ്ട്. അതിങ്ങനെ ഒരു നാളികേരം ഉടച്ചെടുത്ത് നമ്മള് കാണുന്നത് പോലെ ഒരു കാഴ്ചയാണത്. ആ ശ്ലോകത്തിന്റെ ഏറ്റവും ആഴത്തിലേക്ക് എത്തിച്ചേരുന്ന ഒരു സ്ഥിതി. സരസ്വതി സംസ്കൃതം ടീച്ചറായിരുന്നു. അതുകൊണ്ടു കൂടിയായിരിക്കാം എന്റെ ഇത്തരം ദര്‍ശനങ്ങള്‍ അവള് വളരെ വില മതിച്ചിരുന്നത്.
സതീഷ്, സന്തോഷ് എന്നീ രണ്ടു കുട്ടികളാണ് അവള്‍ക്ക്. സന്തോഷ് സിനിമാരംഗത്ത് മുന്നോട്ട് വരുന്ന ഒരു കുട്ടിയാണ്. സതീഷ് ഐ.ടി രംഗത്താണ് ജോലി ചെയ്യുന്നത്. മഞ്ചേശ്വരത്ത് അച്ഛന്റടുത്ത് പോകുന്നതിനേക്കാള്‍ അവര്‍ ഇവിടെ എന്റെ അടുത്ത് പലപ്പോഴും വരാറുണ്ട്. ഞാനും ഭാര്യ ദേവിയും അവര്‍ക്ക് ഏതാണ്ട് മാതാപിതാക്കളുടെ സ്ഥാനത്തു തന്നെയാണ്.